ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

തെന്മല പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചിട്ട് ഏകദേശം 200 വര്‍ഷത്തിലധികമായി എന്ന് പഴമക്കാര്‍ കരുതുന്നു. ആദ്യകാലത്ത് ഇടമണ്‍ പ്രദേശം കേന്ദ്രീകരിച്ച് ഇരുപതോളം  ഈഴവ കുടുംബങ്ങള്‍ കുടിയേറി പാര്‍ത്തതായി കണക്കാക്കുന്നു. പിന്നീട് തമിഴ് കുടിയേറ്റക്കാരുടെ  കൈവശമായിത്തീര്‍ന്ന ഈ പ്രദേശം  തൊട്ടടുത്ത സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതല്‍  വിസ്തൃതവും കാര്‍ഷികവൃത്തിക്ക് അനുയോജ്യവുമായിരുന്നു. മലകളാല്‍ ചുറ്റപ്പെട്ട ഈ സമതലം “ഇടയ്ക്കുള്ള മണ്ണ് “  എന്ന അര്‍ത്ഥത്തില്‍  ഇടമണ്‍ എന്നു വിളിക്കപ്പെട്ടു തുടങ്ങി.  തമിഴ് കുടിയേറ്റക്കാരില്‍ ഏറിയപങ്കും തമിഴ് ബ്രാഹ്മണരും, തേവന്‍മാരുമായിരുന്നു. സിദ്ധ വൈദ്യനും, കൃഷിക്കാരനും , വ്യാപാരിയുമൊക്കെ  ആയിരുന്ന രാഘ അയ്യങ്കാര്‍ ഇവരില്‍ പ്രധാനി ആയി അറിയപ്പെട്ടിരുന്നു. തേവന്മാര്‍ താമസിച്ചിരുന്ന സ്ഥലമാണ്  ഇപ്പോഴത്തെ തേവരുകുന്ന് എന്നു പറയപ്പെടുന്നത്. 1865-ല്‍  കണ്ണന്‍ ദേവന്‍, റാണി റബ്ബര്‍ കമ്പനികളുടേയും എച്ച് & സി കമ്പനിയുടേയും വകയായി വനപ്രദേശങ്ങള്‍  പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് റബ്ബര്‍, തേയില കൃഷികള്‍ ആരംഭിച്ചു. ഇതോടു കൂടി  ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ധാരാളം തൊഴിലാളികളെ കൊണ്ടുവരികയുണ്ടായി. റബ്ബര്‍ കൃഷിയുടെ വരവോടെ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളും, കച്ചവട സംബന്ധമായി  മുസ്ളീം കുടുംബങ്ങളും കുടിയേറി പാര്‍ത്തു. 1880 ല്‍ ശ്രീമൂലം മഹാരാജാവിന്റെ കാലത്ത് റവന്യൂ സെറ്റില്‍മെന്റ്  നിലവില്‍ വന്നു. 1904-ല്‍ നിലവില്‍ വന്ന കൊല്ലം-തിരുനല്‍വേലി  റെയില്‍വേ പാതയുടെ പണികളോടനുബന്ധിച്ച് കൂടുതല്‍ ആളുകള്‍ എത്തിചേര്‍ന്നു. ഇതിനുമുമ്പു തന്നെ കൊല്ലം-ചെങ്കോട്ട റോഡു ഗതാഗതം നിലവില്‍ വന്നിരുന്നു. ആര്യങ്കാവ്, ചേനഗിരി, ഫ്ളോറന്‍സ്, നെടുംപാറ, നാഗമല, മാമ്പഴത്തറ, ചാലിയക്കര വഴിയായിരുന്നു ആദ്യകാലങ്ങളില്‍  രാജപാതയുണ്ടായിരുന്നത്. ഇന്നത്തെ കൊല്ലം-ചെങ്കോട്ട റോഡ് പിന്നീട് വികസിപ്പിച്ചെടുക്കുകയും ഗതാഗത സൌകര്യപ്രദമാക്കി എടുക്കുകയുമുണ്ടായി. റെയില്‍വേ സ്റ്റേഷന്റേയും, ഫോറസ്റ്റ് ഡിപ്പോയുടേയും, പ്ളാന്റേഷനുകളുടേയും വരവോടെ തെന്മല പ്രശ്സതിയാര്‍ജ്ജിച്ചു.

സ്ഥലനാമ ചരിത്രം

10 മലകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് തെന്മലയ്ക്ക് പേരുണ്ടായതെന്നുംതെക്കുഭാഗത്ത്  മലയുള്ളതിലാണ്അതല്ല  “തേന്‍ ധാരാളം ലഭിക്കുന്ന സ്ഥലമായതിനാലാണ് ഈ പേരു വന്നതെന്നും വിശ്വസിക്കുന്നു. സസ്യജാലങ്ങള്‍ വളര്‍ന്നു പന്തലിച്ച് പച്ചയായിരുന്നതിനാലാണ്   അണ്ടൂര്‍ പച്ചഇടത്തറപ്പച്ചനെടുംപച്ച തുടങ്ങിയ സ്ഥലങ്ങള്‍ക്ക് ഈ പേരുകള്‍  ഉണ്ടായതെന്ന് പറയപ്പെടുന്നു. കല്ലുകള്‍  കൂടുതല്‍ കാണപ്പെട്ടതുംഏറ്റവും വലിയ പാറ കാണപ്പെട്ടതുമായ സ്ഥലത്തെ ഒറ്റക്കല്‍ എന്നും കുന്നുകളുടെ ഊര്”  ആയ നാടിനെ ഉറുകുന്ന് എന്നും വിളിച്ചു തുടങ്ങി. പ്രാചീന ക്ഷേത്രങ്ങളിലൊന്നായ മാമ്പത്തഴ ക്ഷേത്രം  ആര്യങ്കാവു ക്ഷേത്രവുമായി  ബന്ധപ്പെട്ടാണ് നിലവില്‍ വന്നത്.  ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഇത് പുതുക്കി പണിയുകയുണ്ടായി. സഹ്യാദ്രി ശൃംഗങ്ങളില്‍ ഒന്നായ  നെടും പാറമൊട്ട സമുദ്രനിരപ്പില്‍  നിന്നും 2965 അടി ഉയരത്തില്‍ ഒറ്റക്കലിനുംനാഗമലക്കും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ നെടുപാറ സാഹിബ് എന്ന മുസ്ളീം ദിവ്യന്‍ പാര്‍ത്തിരുന്നതായും അദ്ദേഹത്തെ ഖബറടക്കിയ സ്ഥലമാണ് ഇന്നത്തെ ഒറ്റക്കല്‍ മുസ്ളീം ദേവാലയമെന്നും ഐതിഹ്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍  ഇടമണ്ണില്‍  ലണ്ടന്‍ മിഷന്‍ സൊസൈറ്റി വക ഒരു ദേവാലയം സ്ഥാപിക്കുകയും  മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും  ചെയ്തതായും കാണുന്നു. 1932-ല്‍ സ്ഥാപിതമായ  സെന്റ്  ജോസഫ് ചര്‍ച്ചാണ് ഇന്നു നിലവിലുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പഴക്കമേറിയത്. സ്വാതന്ത്ര്യാനന്തരം ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ 1948-ല്‍ തെന്മല മുതല്‍ അണ്ടൂര്‍ പച്ച വരെയുള്ള പ്രദേശങ്ങള്‍ (ഒന്നുമുതല്‍ പതിനേഴു വരെയുള്ള ബ്ളോക്കുകള്‍) ഫുഡ് പ്രൊഡക്ഷന്‍  ഏരിയ ആയി തെരെഞ്ഞടുത്ത് നെല്ല് തുടങ്ങിയ ധാന്യങ്ങളുടെ കൃഷിക്കായി കര്‍ഷകര്‍ക്ക് നല്‍കി. ഏക്കറിന് മൂന്നര രൂപ പാട്ട വ്യവസ്ഥയിലായിരുന്നു ഭൂമി നല്‍കിയത്. അന്ന് മുഖ്യമന്ത്രി  പട്ടം താണുപിള്ളയുംവനം വകുപ്പ് മന്ത്രി ടി.എം.വര്‍ഗ്ഗീസും, സ്ഥലം എം എല്‍ എ പി.സി.ആദിച്ചനുമായിരുന്നു. ധാന്യകൃഷി മാത്രം നടത്തുവാനെ കര്‍ഷകര്‍ക്ക്   അവകാശമുണ്ടായിരുന്നുള്ളൂ.  ഉല്‍പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് അരിയാക്കി വില്‍ക്കുന്നതിന് കര്‍ഷകര്‍ക്ക് ഒരു കൈക്കുത്തരി സംഘവും ഇക്കാലത്തു  പ്രവര്‍ത്തിച്ചിരുന്നു. ഇതരകൃഷികള്‍ ചെയ്യുവാനുംകൃഷിഭൂമി കര്‍ഷകനു സ്വന്തമായി പതിച്ചു കിട്ടുവാനും  പരേതനായ  ഉമ്മര്‍കുട്ടി ലബ്ബഎസ്.അച്യുതന്‍  എന്നീ  സാമൂഹ്യപ്രവര്‍ത്തകരുടെ  നേതൃത്വത്തില്‍  നടന്ന കര്‍ഷക സമരങ്ങള്‍  സ്മരണീയങ്ങളാണ്. 1956-ല്‍ കേരള രൂപീകരണത്തോടെ വനംവകുപ്പില്‍ നിന്നും ഭൂമി കൈമാറുകയും  കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍  നല്‍കുകയും ചെയ്തു. 1969-ല്‍ ഭൂപരിഷ്കരണ ബില്‍ നിലവില്‍ വന്നതോടെ  കൃഷി ഭൂമി  കര്‍ഷകന് എന്ന അടിസ്ഥാനത്തില്‍  ഈ പ്രദേശങ്ങള്‍ കൃഷിക്കാര്‍ക്ക് പതിച്ചു നല്‍കി. ഇതേ തുടര്‍ന്ന് ഉറുകുന്ന് മലവേടര്‍  കോളനി നിവാസികള്‍ക്കായി  80 ഏക്കര്‍ സ്ഥലവും വനംവകുപ്പില്‍ നിന്നും വിട്ടുകൊടുത്തു. ഇടമണ്‍ തേക്കും കൂപ്പില്‍ 80 ഏക്കര്‍ സ്ഥലം പതിച്ചു നല്‍കിയിരുന്നു.

ഭരണ ചരിത്രം

കൊല്ലം ജില്ലയില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് എരൂര്‍ പഞ്ചായത്ത്. അക്കാലത്ത് ഇന്നത്തെ തെന്മല പഞ്ചായത്ത് എരൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്നു. 1963-ലെ  പഞ്ചായത്തു തെരഞ്ഞെടുപ്പോടു കൂടിയാണ് തെന്മല പഞ്ചായത്ത് രൂപീകൃതമായത്. ഇന്നത്തെ ആര്യങ്കാവ് പഞ്ചായത്തുകൂടി ഉള്‍പ്പെട്ടതായിരുന്നു തെന്മല പഞ്ചായത്ത്. 1969 ലെ വിഭജനത്തോടു കൂടി  തെന്മല പഞ്ചായത്തു വിഭജിച്ച്  ആര്യങ്കാവ്തെന്മല  പഞ്ചായത്തുകള്‍ നിലവില്‍ വന്നു. 1963 ല്‍ നിലവില്‍ വന്ന തെന്മല പഞ്ചായത്തിന്റെ പ്രസിഡണ്ട് യശ്ശ:ശരീരനായ ടി.സി.നരിയാരത്ത് അവര്‍കളായിരുന്നു. 1969 ല്‍ നിലവില്‍ വന്നപ്പോള്‍ തെന്മല പഞ്ചായത്തിന്റെ പ്രസിഡണ്ട് എന്‍.സി.പിള്ള അവര്‍കളായിരുന്നു.